കരയുന്ന കുഞ്ഞിനു മുലപ്പാലു പോലെന്റെ പാഥേയമാകുന്നീ കാവ്യഭംഗി

Wednesday 4 April 2012

Thaadaka Enna Draavida Raajakumari - Vayalar [എന്ന ദ്രാവിഡ രാജകുമാരി - വയലാർ]


താടക എന്ന ദ്രാവിഡ രാജകുമാരി


വിന്ധ്യശൈലത്തിന്റെ താഴ്വരയില്‍
നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുനസന്ധ്യയില്‍
വിന്ധ്യശൈലത്തിന്റെ താഴ്വരയില്‍
നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുനസന്ധ്യയില്‍
പാര്‍വ്വതീപൂജയ്ക്ക് പൂനുള്ളുവാന്‍ വന്ന
ദ്രാവിഡരാജകുമാരിയാം താടക
താമരചോലകള്‍ക്കക്കരെ
ഭാര്‍ഗ്ഗവരാമന്‍ തെളിച്ചിട്ട സഞ്ചാരവീഥിയില്‍
കണ്ടു ശ്രീരാമനെ
താമരചോലകള്‍ക്കക്കരെ
ഭാര്‍ഗ്ഗവരാമന്‍ തെളിച്ചിട്ട സഞ്ചാരവീഥിയില്‍
കണ്ടു ശ്രീരാമനെ
ഏതോ തപോധനന്‍
കൊണ്ടുനടക്കുന്ന കാമസ്വരൂപനെ
സ്ത്രീഹൃദയത്തിനുന്‍മാദമുണര്‍ത്തുമാ മോഹന
ഗോപാംഗഭംഗി നുകര്‍ന്നവള്‍, കണ്ണെടുക്കാതെ,
കണ്ണെടുക്കാതൊരഭൗമ രോമാഞ്ചമാര്‍ന്നു നിന്നാള്‍
സലജ്ജം സകാമം സവിസ്മയം
രാജീവപുഷ്പശരങ്ങളേറ്റാദ്യമായ് രാമനില്‍
മോഹം തുടിച്ചുണര്‍ന്നീടവേ,
താടി തടവി ചിരിച്ചു ചൊല്ലീ മുനി
താടകയെന്ന നിശാചരിയാണവള്‍.
ആര്യഗോത്രത്തലവന്‍മാര്‍ അനുചരന്‍മാരുമായ്
ദക്ഷിണഭാരതഭൂമിയില്‍ സംഘങ്ങള്‍
സംഘങ്ങളായ് വന്നു് സംസ്കാരസംഹിതയാകെ
തിരുത്തിക്കുറിച്ചനാള്‍, വാമനന്‍മാരായ്
വിരുന്നുവന്നീ ദാനഭൂമിയില്‍
യാഗപശുക്കളെ മേച്ചനാള്‍
ദ്രാവിഢരാജാധിരാജകിരീടങ്ങള്‍
ഈ മണ്ണിലിട്ടു് ചവിട്ടി ഉടച്ചനാള്‍,
വിശ്വമാതൃത്വത്തെ വേദമഴുവിനാല്‍
വെട്ടി പുരോഹിത പാദത്തില്‍ വെച്ചനാള്‍.
ആദ്യമായ് ആര്യവംശാധിപത്യത്തിനെയാട്ടിയകറ്റിയ
രാജകുമാരിയെ, താടകയെ, കണ്ടു്,
കോപാരുണങ്ങളായ് താടി വളര്‍ത്തും
തപസ്വി തന്‍ കണ്ണുകള്‍
ചിത്രശിലാതലങ്ങള്‍ക്കു് മീതെ
മലര്‍മെത്ത വിരിക്കും സുരഭിയാം തെന്നലില്‍
ചിത്രശിലാതലങ്ങള്‍ക്കു് മീതെ
മലര്‍മെത്ത വിരിക്കും സുരഭിയാം തെന്നലില്‍
ആ രാത്രി സ്വപ്നവും കണ്ടു് വനനദീതീരത്തു്
ശ്രീരാമചന്ദ്രനുറങ്ങവേ, കാട്ടിലൂടെ, ഒച്ചയുണ്ടാക്കാതെ,
അനങ്ങാതെ, ഓട്ടുവളകള്‍ കിലുങ്ങാതെ,
ഏകയായ്, ദാശരഥിതന്‍ അരികത്തു്
അനുരാഗദാഹപരവശയായ് വന്നു താടക.
ഞാണ്‍ വടുവാര്‍ന്ന യുവാവിന്റെ കൈകളില്‍
തോള്‍ വരെയെത്തിക്കിടന്ന കാര്‍ക്കൂന്തലില്‍
ഹേമാംഗകങളില്‍, താടകതന്‍ തളിര്‍ത്താമരമൊട്ടിളം
കൈവിരല്‍ ഓടവെ
ഞാണ്‍ വടുവാര്‍ന്ന യുവാവിന്റെ കൈകളില്‍
തോള്‍ വരെയെത്തിക്കിടന്ന കാര്‍ക്കൂന്തലില്‍
ഹേമാംഗകങളിൽ, താടകതന്‍ തളിര്‍ത്താമരമൊട്ടിളം
കൈവിരല്‍ ഓടവെ
അജ്ഞാതം ഏതോ മധുരാനുഭൂതിയില്‍
അര്‍ദ്ധസുപ്താന്തര്‍വികാരമുണരവേ...
അജ്ഞാതം ഏതോ മധുരാനുഭൂതിയില്‍
അര്‍ദ്ധസുപ്താന്തര്‍വികാരമുണരവേ...
ആദ്യത്തെ മാദകചുംബനത്തില്‍ തന്നെ
പൂത്തുവിടര്‍ന്നുപോയ് രാമന്റെ കണ്ണുകള്‍
മുത്തുകിലുങ്ങും സ്വരവുമായ് ചോദിച്ചു
മുഗ്ദാനുരാഗ വിവശയായ് താടക
മുത്തുകിലുങ്ങും സ്വരവുമായ് ചോദിച്ചു
മുഗ്ദാനുരാഗ വിവശയായ് താടക
ആര്യവംശത്തിന്നടിയറ വെക്കുമോ
സൂര്യവംശത്തിന്റെ സ്വര്‍ണ്ണസിംഹാസനം
ആര്യവംശത്തിന്നടിയറ വെക്കുമോ
സൂര്യവംശത്തിന്റെ സ്വര്‍ണ്ണസിംഹാസനം
ചുറ്റുമുറങ്ങിക്കിടന്ന മഹര്‍ഷിമാര്‍ ഞെട്ടിയുണര്‍ന്നു
നിശ്ശബ്ദയായ് പെണ്‍കൊടി
യജ്ഞകുണ്ഠത്തിനരികില്‍
വിശ്വാമിത്ര ഗര്‍ജ്ജനം കേട്ടു
നടുങ്ങി വിന്ധ്യാടവി
യജ്ഞകുണ്ഠത്തിനരികില്‍
വിശ്വാമിത്ര ഗര്‍ജ്ജനം കേട്ടൂ
വില്ലുകുലയ്ക്കൂ, ശരം തൊടുക്കൂ,
രാമാ, കൊല്ലൂ
നിശാചരി താടകയാണവള്‍
ആദ്യമായ് രാമന്റെ മന്‍മഥാസ്ത്രം
മാല ചാര്‍ത്തിയ രാജകുമാരിതന്‍ ഹൃത്തടം
ആദ്യമായ് രാമന്റെ മന്‍മഥാസ്ത്രം
മാല ചാര്‍ത്തിയ രാജകുമാരിതന്‍ ഹൃത്തടം
മറ്റൊരസ്ത്രത്താല്‍ തകര്‍ന്നു പോയ്
സ്തബ്ധനായ് പുത്രീ വിയോഗവ്യഥയില്‍ വിന്ധ്യാചലം

No comments:

Post a Comment

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ